District News
തൃശൂർ: ജില്ലയിൽ ഇന്നുമുതൽ തുടർച്ചയായി മൂന്നു ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ അതീവജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
അപകടസാധ്യതാ മേഖലകൾ: മലയോരമേഖലകൾ, നദീതീരങ്ങൾ, മണ്ണിടിച്ചിൽസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണം. അപകടസാധ്യതയുള്ളവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ: വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയ്നേജുകളിലെ തടസങ്ങൾ നീക്കാനും അടിയന്തര ആക്ഷൻ പ്ലാൻ നടപ്പിലാക്കാനും തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
ഗതാഗതം: രാത്രികാലങ്ങളിൽ മലയോരമേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. അടിയന്തരസാഹചര്യത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
മരങ്ങൾ, വൈദ്യുതി: അപകടാവസ്ഥയിലുള്ള മരങ്ങളും പരസ്യ ബോർഡുകളും നീക്കംചെയ്യാൻ നടപടി സ്വീകരിക്കും. കെഎസ്ഇബി 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തരസഹായത്തിന്
ദുരന്തനിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നു കളക്ടർ അറിയിച്ചു.
ജില്ലാ എമർജൻസി
ഓപ്പറേഷൻസ് സെന്റർ
ടോൾ ഫ്രീ നമ്പർ: 1077,
ലാൻഡ്ലൈൻ നമ്പറുകൾ: 0487 2362424, 0487 2361590, മൊബൈൽ നമ്പറുകൾ: 9447074424, 7907483916.
താലൂക്ക് എമർജൻസി
ഓപ്പറേഷൻ സെന്റർ
തൃശൂർ: 0487 2331443, 9447731443
തലപ്പിള്ളി: 0488 4232226, 9447723226
കുന്നംകുളം: 04885 225700, 8547002060
ചാവക്കാട്: 0487 2507350, 9447707350
മുകുന്ദപുരം: 0480 2825259, 9447725259
കൊടുങ്ങല്ലൂർ: 0480 2802336, 9447702336
ചാലക്കുടി: 0480 2705800, 8547618440..
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെലോ അലർട്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഉപരിതല ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
ജൂൺ 1 ഒന്ന് വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
Kerala
തിരുവനന്തപുരം: കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ചക്രവാതച്ചുഴികൾ ശക്തിപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
ഇന്നലെ ആലപ്പുഴ ജില്ലയിൽ തീവ്ര മഴ പെയ്തപ്പോൾ ആറു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 48 മണിക്കൂറിൽ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുകിഴക്കൻ അറബിക്കടലിലും കന്യാകുമാരി ഭാഗത്തും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപ സമൂഹങ്ങളിലും ശക്തിപ്പെടാനുള്ള സാധ്യതകൾ ശക്തമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ 26ന് കാലവർഷം എത്തിച്ചേരുമെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിനും ദിവസങ്ങൾക്കു മുൻപു തന്നെ കാലവർഷം പെയ്തു തുടങ്ങിയേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
മധ്യകിഴക്കൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം എന്നിവിടങ്ങളിൽ രൂപപ്പെട്ട ചക്രവാതച്ചുഴികൾ വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തികൂട്ടാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച വരെ പത്തു ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
District News
ഒറ്റപ്പാലം: ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിൽ കൊടുംവളവുകൾ വൻ അപകടഭീഷണി. അമ്പലപ്പാറ മുതൽ ഒറ്റപ്പാലംവരെയുള്ള പത്തുകിലോമീറ്റർ ദൂരത്തിൽ എട്ടിലധികം കൊടുംവളവുകളാണുള്ളത്. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വളവുകളാണ് ഇവയെല്ലാം.
മറ്റു വാഹനങ്ങൾ തൊട്ടുമുമ്പിൽ എത്തുമ്പോളായിരിക്കും ഡ്രൈവർമാർ വാഹനങ്ങൾ കാണുക. തിരുണ്ടി, മലപ്പുറം, എന്നീ വളവുകളാണ് ഇതിൽ പ്രധാനം. അപകടവളവുകൾ യാത്രക്കാരെയും പ്രയാസത്തിലാക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലേക്കും മരച്ചില്ലകളും വളർന്നുനിൽക്കുകയാണ്. ഇതോടെ എതിർവശത്തുനിന്നുവരുന്ന വാഹനങ്ങൾ കാണാൻ സാധിക്കില്ല. ഇതുകൊണ്ടുതന്നെ അപകടങ്ങൾക്കും വഴിവയ്ക്കാറുണ്ട്.
ദിവസങ്ങൾക്കുമുമ്പ് മേഖലയിൽ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. പാതയിൽ തെരുവിളക്കുകളും സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും ഇല്ലാത്തതും തിരിച്ചടിയാണെന്നു പ്രദേശവാസികൾ പറയുന്നു. അമ്പലപ്പാറ മുതൽ ഒറ്റപ്പാലം വരെയുള്ള പ്രധാന റോഡിൽ മഴക്കാലത്ത് അപകടങ്ങൾ നിത്യസംഭവമാണ്.
കൂടാതെ റോഡിന്റെ പലഭാഗത്തും കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയുമാണ്. റോഡിന്റെ പലഭാഗങ്ങളിലും കുളത്തിനു സമാനമായി മഴക്കാലത്ത് വെള്ളം തളംകെട്ടി കിടക്കുന്നതും ഇത്തരം വെള്ളക്കെട്ടുകളിൽപെട്ട് വലിയ വാഹനങ്ങളടക്കം അപകടത്തിൽപെടുന്നതും പതിവാണ്.
District News
വെള്ളൂർ: മഴ ശക്തമായതോടെ കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതം ദുഷ്കരമായ മുളക്കുളം - വെള്ളൂർ ചന്തപ്പാലം റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി.
വൻ കുഴികൾ രൂപപ്പെട്ട് തകർന്ന റോഡ് മഴ കനത്തോടെ കുഴികളിൽ ചെളിയും വെള്ളവും നിറഞ്ഞതിനാൽ ഇതുവഴിയുള്ള കാൽനടപോലും ദുഃസഹമായിരിക്കുകയാണ്. റോഡ് തകർന്നതിനെത്തുടർന്ന് വാഹനാപകടങ്ങളും പതിവാകുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളും പ്രദേശവാസികളും ചേർന്ന് ഇതിനകം നിരവധി തവണ പ്രക്ഷോഭം നടത്തി. റോഡ് സഞ്ചാരയോഗ്യമിക്കുന്നതിന് സർക്കാർ 1.20 കോടി അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഈ ഭാഗങ്ങളടക്കം തകർന്നു.
കാൽനട പോലും ദുഷ്കരമായ റോഡിൽ വാഹനഗതാഗതം ദുഃസഹമായതോടെ വ്യാപാരമേഖലയിലും പ്രതിസന്ധിയായി. വെള്ളൂരിലെയും മിഠായിക്കുന്നത്തെയും വ്യാപാരികൾ ഏതാനും മാസങ്ങൾക്കു മുമ്പ് കടകൾ അടച്ച് പ്രതിക്ഷേധപ്രകടനവും ധർണയും നടത്തിയിരുന്നു.
നിർമാണം തുടങ്ങി നാലു വർഷം പിന്നിട്ടിട്ടും യാത്രാദുരിതം തുടരുന്നതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാതിരുന്ന കരാറുകാരനെ സർക്കാർ നീക്കിയെങ്കിലും പുതിയ കരാറുകാരന് പണി ഏൽപിച്ചു ദ്രുതഗതിയിൽ റോഡ് നിർമാണം പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി.
National
ബംഗളൂരു: ബംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
മജസ്റ്റിക്, ശിവാജിനഗർ, കെ.ആർ. മാർക്കറ്റ്, വസന്ത് നഗർ, തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു.
ഹുബ്ബുള്ളി, ധാർവാഡ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കുടിയ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ നേരിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതായി പ്രദേശവാദികൾ പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും മിന്നലിലും മരിച്ചവരുടെ എണ്ണം 117 ആയി. 200ലധികം പേർക്ക് പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 പേരാണ് ഇവിടെ മാത്രം മരിച്ചത്. 227 വീടുകൾ മഴക്കെടുതിയിൽ നശിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു.
പ്രയാഗ്രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
National
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് എറണാകുളം രാമമംഗലം സ്വദേശികളായ രണ്ടുപേരുൾപ്പെടെ ഏഴുപേർക്കു ദാരുണാന്ത്യം.
അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം.
കുടുംബശ്രീ അമൃതം പൊടി നിര്‍മാണ കമ്പനിയില്‍നിന്നു വിനോദയാത്ര പോയ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില്‍ രഘുവിന്റെ ഭാര്യ സ്മിത (49), രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയില്‍ ലത (50) എന്നിവരാണു മരിച്ച മലയാളികൾ.
വിനോദയാത്രാസംഘത്തിലെ രാമമംഗലം സ്വദേശിനികളായ മായ മണികണ്ഠന്, പ്രീതി, സിജി എന്നിവര്‍ക്കാണു പരിക്കേറ്റത്. ആകെ 56 പേരാണ് വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ നെടുമ്പാശേരിയില്‍നിന്നു വിമാനമാര്‍ഗമാണു സംഘം ബംഗളൂരുവില്‍ വിനോദയാത്രയ്ക്കു പോയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ഷോപ്പിംഗിനായി സംഘം വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചുപേര്‍ ഒരു ഗ്രൂപ്പായാണ് സാധനങ്ങള്‍ വാങ്ങാൻ പോയത്. ഇവർ വൈകുന്നേരം ഷോപ്പിംഗിനിറങ്ങിയ സമയത്തു കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഇതോടെ രക്ഷതേടി ആശുപത്രിയുടെ മതിലിനോടുചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി. ഇതിനിടെയാണ് 12 അടി ഉയരമുള്ള മതിൽ ഇടിഞ്ഞുവീണത്.
ശിവാജി നഗർ ബസ്സ്റ്റാൻഡിനും മാർക്കറ്റിനും ഇടയിലുള്ള ആശുപത്രിയുടെ മതിലിനോടു ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമായ നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് മരിച്ച മറ്റുള്ളവർ. അപകടമുണ്ടായതിനു പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലം എംഎൽഎ റിസ്വാൻ അർഷാദും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. അപകടകാരണത്തെക്കുറിച്ച് അന്വേഷണത്തിനും അദ്ദേഹം നിർദേശം നൽകി.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിക്കെട്ടിടത്തിനു സമീപത്തുനിന്നു നീക്കംചെയ്ത മണ്ണ് മതിലിനുസമീപം കൂട്ടിയിട്ടിരുന്നു. മഴയിൽ മണ്ണ് കുതിർന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരു മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എംജി റോഡിലും റസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു.
District News
കുട്ടനാട്: നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട നെല്ലറയുടെ നാട്ടിൽ ഇക്കുറി അടിയൊഴുക്കുകൾ ശക്തം. എൽഡിഎഫും യുഡിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച് നടത്തുന്ന പോരാട്ടത്തിൽ എൻസിപിയിലെ തോമസ് കെ. തോമസ് തന്റെ രണ്ടാമൂഴത്തിലും വെന്നിക്കൊടി പാറിക്കുമോ അതോ റെജി ചെറിയാൻ യുഡിഎഫിനായി ഇക്കുറി അട്ടിമറി വിജയം നേടുമോ എന്നു പറയുക അസാധ്യം.
കന്നിയങ്കത്തിലൂടെ ഇരുകൂട്ടർക്കും വൻ വെല്ലുവിളി ഉയർത്തി എൻഡിഎ സ്ഥാനാർഥി സന്തോഷ് ശാന്തിയുമുണ്ട്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കുന്പോൾ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളുടെ കൊട്ടിക്കലാശം രാമങ്കരിയിലും എൻഡിഎ സ്ഥാനാർഥി സന്തോഷ് ശാന്തിയുടേത് നീരേറ്റുപുറത്തുമാണ്.
മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് അതത് മുന്നണിയിൽപ്പെട്ട ജില്ലാ നേതാക്കൾ നേതൃത്വം നല്‍കും.
കാർഷിക മേഖലയിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന സംഭവങ്ങൾക്കൊപ്പം ഇവിടുത്തെ വികസനവും കുടിവെള്ള പ്രശ്നവും എല്ലാം സജീവ ചർച്ചയായി മാറി ഈ തെരഞ്ഞെടുപ്പിൽ.
ചൂട് മൂത്തപ്പോൾ കിളിപോയി;
സുധാകരനെ പരിഹസിച്ച് ആർ. നാസർ
ആലപ്പുഴ: ചൂടുമൂത്തപ്പോൾ തോൽവി ഭയന്ന് കിളിപോയ തരത്തിലാണ് ജി. സുധാകരൻ പ്രസ്താവനങ്ങൾ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്നെന്ന് പറയുന്ന ആളാണ് അഴിമതിക്കാരായ കോൺഗ്രസുകാരുമായി ചേർന്നതെന്നും നാസർ പരിഹസരിച്ചു.
1976-ൽ ജി. ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരാണെങ്കിൽ അന്നത്തെ എസ്എഫ്ഐ നേതാവാരാണ് സുധാകരനല്ലേ എന്ന് നാസർ ചോദിച്ചു. സുധാകരൻ പറഞ്ഞിട്ടാണോ ഭുവനേശ്വരനെ കൊലപ്പെടുത്തിയത്. വോട്ടിനായി ഏത് വർഗീയ ശക്തികളുമായി സഹകരിക്കുന്ന ആളായി സുധാകരൻ മാറിയെന്നു സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
സിപിഎമ്മിനെ മോശമായി ചിത്രീകരിച്ച് കോൺഗ്രസുകാരുടെ പ്രീതി നേടാനാണ് സുധാകരന്റെ ശ്രമം. സ്വന്തം കാര്യത്തിനായി എല്ലാവരെയും ഉപയോഗിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിനായി പാർട്ടി സംവിധാനം പോലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സുധാകരന്റെ പ്രസ്ഥാവനകൾക്ക് അമ്പലപ്പുഴയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ആർ. നാസർ വ്യക്തമാക്കി.
District News
എടത്വ: നിനച്ചിരിക്കാതെയുള്ള കനത്ത മഴയില്‍ കുട്ടനാട്ടിലെ വിളവെടുപ്പും സംഭരണവും പ്രതിസന്ധിയിൽ. കടുത്ത വേനലില്‍ കൊയ്തെടുത്ത നെല്ലിന് പോലും 10 കിലോ കിഴിവ് ആവശ്യപ്പെടുന്ന മില്ലുടമകള്‍ തിങ്കളാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും പെയ്ത മഴയില്‍ കിഴിവിന്റെ പേരില്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധ്യത.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ നിരവധി പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ് നിരവധി സ്ഥലങ്ങളില്‍ കൊയ്ത്ത് നടക്കാനുമുണ്ട്. ഒട്ടുമിക്ക പാടശേഖരങ്ങളും കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു. ഇന്നലത്തെ മഴയില്‍ പാടത്ത് വെള്ളം കെട്ടിക്കിടക്കുകയും നെല്ല് വീണു പോകുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കൊയ്ത്ത് നടക്കേണ്ട പാടാശഖരങ്ങളാണ് മഴയില്‍ വെള്ളം കെട്ടിയത്.
ചില പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രം ഇറങ്ങിയാല്‍ താഴ്ന്നുപോകുന്ന അവസ്ഥയും സംജാതമാണ്.
ഇതുമൂലം കൊയ്ത്ത് സമയം കൂടുന്നതിനാല്‍ യന്ത്ര വാടക ഇനത്തില്‍ കര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കാനും സാധ്യതയുണ്ട്. വേനല്‍ മഴ കടുത്താല്‍ കൊയ്ത്ത് പ്രതിസന്ധി നേരിടുകയും ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകളുടെ ചൂഷണം നേരിടേണ്ടി വരികയും ചെയ്യും. നിനച്ചിരിക്കാതെയുള്ള വേനല്‍ മഴ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
International
ആഡിസ് അബാബ: കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എത്യോപ്യയിൽ 50 മരണം. ഏകദേശം 125 പേരെ കാണാതായി.
എത്യോപ്യയിലെ ഗാമോ സോണിൽ ഒരാഴ്ചയായി തുടരുന്ന കനത്തമഴയിലാണു ദുരന്തം.
ഗാമോ മേഖലയിലെ ഗച്ചോ ബാബ, കമ്പ, ബോങ്കെ എന്നീ ജില്ലകളിലാണ് മണ്ണിടിച്ചിലുണ്ടായത്.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഒരാളെ ജീവനോടെ മണ്ണിനടിയിൽനിന്നു പുറത്തെടുക്കാനായെന്നും ഡിസാസ്റ്റർ റെസ്പോൺസ് ഡയറക്ടർ മെസ്ഫിൻ മനുഖ പറഞ്ഞു.
Kerala
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചക്രവാതച്ചുഴി വെള്ളിയാഴ്ചയോടെ ശ്രീലങ്കൻ തീരത്തോടടുക്കും. ഇതിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
District News
ചിറ്റാർ: ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കടുവയും കുടുങ്ങിയെങ്കിലും മലയോരത്ത് ഭീതി ഒഴിയുന്നില്ല. കടുവ സംരക്ഷണ വനമേഖലയോടു ചേർന്നുള്ള ജനവാസ മേഖലകളിലേക്ക് കടുവകൾ എത്തിയതോടെ നാളുകളായി ഭീതിയിലാണ് വടശേരിക്കര, ചിറ്റാർ, സീതത്തോട് നിവാസികൾ. ഇതിനിടെയാണ് കഴിഞ്ഞ 23ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലും ഇന്നലെ ചിറ്റാർ വില്ലൂന്നിപ്പാറയിലെ കിണറ്റിലും കടുവ വീണത്.
ഇന്നലെ പുലർച്ചെയാണ് വില്ലൂന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണത്. വിവരം അറിഞ്ഞ് ചിറ്റാർ, സീതത്തോട്, മണിയാർ, നീലിപിലാവ്, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് അടക്കം നൂറുകണക്കിനാളുകളാണ് വില്ലൂന്നിപ്പാറയിലേക്ക് എത്തിയത്.
ജനങ്ങളുടെ തിരക്ക് കൂടിയതോടെ കടുവയെ പുറത്തെത്തിക്കുവാനുള്ള വനപാലകരുടെ ദൗത്യത്തിനും സങ്കീർണത ഏറി. ആളുകൾ കിണറിന് ചുറ്റും തിങ്ങി നിറഞ്ഞതോടെ ഇരുമ്പ് വലയടക്കം ഉപയോഗിച്ച് കിണർ മൂടിയ വന പാലകർ മാധ്യമങ്ങൾ അടക്കമുള്ളവരെ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനു ശേഷമാണ് കടുവയെ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നടപടികൾക്ക് വനംവകുപ്പും പോലീസും അഗ്നി രക്ഷാ സേനയും നേതൃത്വം നൽകിയത്.
തേക്കടിയിൽ നിന്നുംവയനാട്ടിൽ നിന്നും എത്തിയ വനം വകുപ്പിലെ വിദഗ്ധരായ ഡോ.അരുൺ സക്കറിയ, ഡോ.സിജു, ഡോ അതുൽ, ഡോ.പി.റ്റി. വിഷ്ണു, പിടിആറിൽ നിന്നുള്ള ഗണേഷ്, അരുൺകുമാർ, മനു, കുട്ടൻ എന്നിവരായിരുന്നു കടുവയെ മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികൾ ക്രമീകരിച്ചത്. മയക്കു വെടിയേറ്റ് വലയിൽ ആയതിനു ശേഷം നൂറ് കിലോയോളം ഭാരം വരുന്ന കടുവയെ കരയ്ക്ക് കയറ്റിയ അധികൃതർ ഇതിനെ വനം വകുപ്പിന്റെ പ്രത്യക കൂട്ടിലേക്ക് മാറ്റി.
കടുവ ഉണരുന്നതിന് മുമ്പ് തന്നെ കടുവയെ കൂട്ടിൽ കയറ്റുവാൻ ആയിരുന്നു വനം അധികൃതരുടെ ശ്രമം. ഇത് ഫലം കാണുകയും ചെയ്തു. പിന്നീട് വൈദ്യപരിശോധന പൂർത്തിയാക്കി കടുവ ആരോഗ്യവതിയെന്ന് ഉറപ്പാക്കിയശേഷമാണ് രാത്രിയിൽ കാട്ടിലെത്തിച്ച് കൂട് തുറന്നുവിട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെലോ അലേർട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവരും നിർദേശമനുസരിച്ച് മാറണം.
കേരള, കർണാടക തീരങ്ങളിലും സമുദ്രഭാഗങ്ങളിലും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 27 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.
തുലാവർഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 37 ശതമാനം അധിക മഴ ലഭിച്ചു. തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ കൂടുതൽ. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.